ഉള്ളടക്കം
1. മുഖമൊഴി
2. വ്യവസ്ഥാപിത അടിസ്ഥാനവര്‍ണ്ണങ്ങള്‍
3. നിരീക്ഷണഭേദങ്ങള്‍
4. ഉത്തരങ്ങള്‍-വ്യത്യസ്ത അക്കങ്ങളില്‍
5. അക്ഷരമാലയുടെ ചില പകര്‍പ്പുകള്‍
6. സ്വരം-വ്യഞ്ജനം, വിവിധ കണക്കുകള്‍
7. വീണ്ടുവിചാരം
8. ഉപസംഹാരം
മുഖമൊഴി
മലയാളത്തില്‍ എത്ര വര്‍ണ്ണങ്ങളുണ്ട് എന്ന ചോദ്യത്തിന് കൃത്യമായ ഒരുത്തരം കിട്ടാനില്ല എന്ന് മാത്രമല്ല പരസ്പരവിരുദ്ധങ്ങളായ ഒരുപാടഭിപ്രായങ്ങള്‍ വ്യവഹാരത്തില്‍ കിടന്നു മറിയുന്നുമുണ്ട്. അക്ഷരമെന്നാണോ വര്‍ണ്ണമെന്നാണോ ചോദിക്കേണ്ടതെന്നത് പ്രാഥമികമായി ഉയര്‍ന്നുവരാവുന്ന ഒരു സംശയമാണ്.
വ്യത്യസ്താര്‍ഥങ്ങളില്‍ അക്ഷരം എന്ന സംജ്ഞ ഉച്ചരിച്ചുകാണുന്നുണ്ട്. ലിപി (graphone), വര്‍ണ്ണം (phoneme), syllable എന്നീ വ്യത്യസ്താര്‍ഥങ്ങളില്‍ ഇത് ഉപയോഗിച്ചുകാണുന്നു. ഇതില്‍ syllable എന്ന അര്‍ഥത്തിലാണ് സാങ്കേതിക ചര്‍ച്ചയില്‍ ഇന്ന് അക്ഷരം എന്ന സംജ്ഞ ഉപയോഗിക്കാറുള്ളത്.
മലയാളത്തില്‍ എത്ര അക്ഷരമുണ്ട് എന്ന ചോദ്യം എത്ര വര്‍ണ്ണമുണ്ട് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മലയാളത്തില്‍ വര്‍ണ്ണവും ലിപിയും തമ്മിലല്ല, അക്ഷരവും ലിപിയും തമ്മിലാണ് പൊരുത്തം. മലയാളത്തിലെ അക്ഷരസംഖ്യയും ലിപിസംഖ്യയും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. വര്‍ണ്ണവ്യവസ്ഥയാണ് ഏറെക്കുറെ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. *‘ഭാഷാപരിചയ’ത്തില്‍ മാരാര്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: “ വ്യാകരണത്തിലെ അക്ഷരക്കണക്ക് നമ്മുടെ സാധാരണ അക്ഷരക്കണക്കില്‍ നിന്ന് വ്യത്യസ്തമാണ്. ഇവ തമ്മില്‍ മാറിപ്പോകാതിരിക്കാനായി ഈയക്ഷരങ്ങള്‍ക്കാകെ വര്‍ണ്ണമെന്ന് പേരിട്ടിരിക്കുന്നു.”
വ്യവസ്ഥാപിതമായ അടിസ്ഥാനവര്‍ണ്ണങ്ങള്‍
പഴയ മട്ടനുസരിച്ച് അ മുതല്‍ ക്ഷ വരെയാണ് നമ്മുടെ അക്ഷരമാല. എന്നാല്‍ ഇത് മലയാളത്തിലെ അടിസ്ഥാനവര്‍ണ്ണങ്ങളെ അതേപടി സൂചിപ്പിക്കുന്നില്ല.
നിരീക്ഷണഭേദങ്ങള്‍
നിരീക്ഷണങ്ങളെ മൂന്നായിത്തിരിക്കാമെന്നാണ് പ്രഭാകരവാര്യര്‍ പറയുന്നത്.
1. പാരമ്പര്യമനുസരിച്ചുള്ള രീതിയുടെ അതേപടിയുള്ള അംഗീകരണം
2. പാരമ്പര്യരീതി സമകാലിക സ്വഭാവം പ്രതിഫലിപ്പിക്കാത്തതിനാല്‍ വര്‍ണ്ണമാലയുടെ പുതിയ രീതിയിലുള്ള വ്യവസ്ഥീകരണം
3. ആധുനിക ഭാഷാശാസ്ത്രത്തിലെ സ്വനിമസങ്കല്‍പം അടിസ്ഥാനമാക്കിയുള്ള പുനഃസംവിധാനം
മലയാളത്തിലെ വര്‍ണ്ണവ്യവസ്ഥയെക്കുറിച്ച് വൈയ്യാകരണന്മാര്ക്ക് അഭിപ്രായങ്ങളില്‍ ഏകതയില്ലാത്തതിന് രണ്ട് പ്രധാന കാരണങ്ങളാണ് ഉള്ളതെന്ന് എന്‍ എന്‍ മൂസ്സത് പ്രസ്താവിക്കുന്നു:
1. ആദ്യഘട്ടത്തില്‍ തനി ദ്രാവിഡാക്ഷരമാലയാണ് മലയാളത്തിനുണ്ടായിരുന്നത്. പിന്നീട് മണിപ്രവാളത്തിന്റെ പ്രചാരത്തോടെ സാഹിത്യഭാഷയിലും ത്രൈവര്‍ണ്ണികരുടെ വായ്മൊഴിയില്‍ത്തന്നെയും അതിഖരമൃദുഘോഷങ്ങള്‍ സംസ്കൃത തത്സമങ്ങളിലൂടെ കടന്നുവന്നു. അങ്ങനെ കലാക്രമത്തില്‍ വര്‍ണ്ണഘടന മാറി
2. ചിലര്‍ അന്യഭാഷ എന്ന നിലയിലും മറ്റുചിലര്‍ മാതൃഭാഷ എന്ന നിലയിലുമാണ് ഭാഷയെ സമീപിക്കുന്നത്. വര്‍ണ്ണതലം മുതല്‍ എല്ലായിടത്തും ഈ സമീപനവ്യത്യാസം നിരീക്ഷണവ്യത്യാസത്തിന് കാരണമാകും
ഉത്തരങ്ങള്‍ വ്യത്യസ്ത അക്കങ്ങളില്‍
എത്ര വര്‍ണ്ണങ്ങളുണ്ട് എന്ന ചോദ്യത്തിന് ലഭിക്കുന്ന ഉത്തരങ്ങള്‍ പരസ്പര വിരുദ്ധങ്ങളാണ് എന്ന് നേരത്തേ പ്രസ്താവിച്ചതാണല്ലോ. ഒരേ അക്ഷരസംഖ്യ പറയുന്നവര്‍ തന്നെയും സ്വരങ്ങളുടെയും വ്യഞ്ജനങ്ങളുടെയും സംഖ്യയുടെ കാര്യത്തില്‍ ഏകാഭിപ്രായമുള്ളവരല്ല.
വ്യത്യസ്താഭിപ്രായങ്ങളിടെ പട്ടിക ചുവടെ:
1. ഗുണ്ടര്‍ട്ട് – 50 (കേരളപാണിനീയത്തില്‍ 49 എന്ന് കാണുന്നു)
2. മാത്തന് – 51
3. പാച്ചുമൂത്തത് – 52
4. കോവുണ്ണി നെടുങ്ങാടി – 55
5. ഏ.ആര് – 53
6. ശേഷഗിരിപ്രഭു – 54 (53 എന്നും കാണുന്നു)
7. ജോണ്‍ കുന്നപ്പള്ളി – 54
8. സുകുമാരപ്പിള്ള – 52
9. റവ. പീറ്റ് – 52 (53 എന്നും കാണുന്നു)
10. വി. സുകുമാരന്‍ – 50
11. പ്രബോധചന്ദ്രന്‍ – 38
12. ഇ.വി.എന്‍.നമ്പൂതിരി – 49
13. പ്രൊ. കെ.ശശികുമാര്‍ – 48
14. മാരാര്‍ – 51
15. ഡ്രമണ്ട് – 51
16. സ്പ്രിങ്ങ് – 51
17. ഫ്രോഹ്ന്‍ മേയര്‍ – 54
സ്വരവ്യഞ്ജനക്കണക്കുമാത്രമല്ല വ്യത്യസ്തവര്‍ണ്ണങ്ങളുപയോഗിച്ചും വ്യത്യസ്തമായ അക്കങ്ങളിലേക്കെത്തിച്ചേര്‍ന്നിരിക്കുന്നു. പ്രഭാകരവാര്യര്‍ പറഞ്ഞിരിക്കുന്നു: “തമിഴ് വര്‍ണ്ണമാലയിലെ ശബ്ദങ്ങള്‍ മാത്രമേ മലയാള വര്ണ്ണമാലയില് ഉണ്ടായിരുന്നുള്ളൂ. സംസ്കൃത സ്വാധീനം മൂലം ദ്രാവിഡത്തിലില്ലാത്ത സംസ്കൃതവര്‍ണ്ണങ്ങളും കടന്നുകൂടി. കേരളഭാഷാഭേദം മലയാളമായി പരിണമിച്ചപ്പോള്‍ സംഭവിച്ച ആന്തരികമായ മാറ്റങ്ങളില്‍ ഒന്നാണ് വര്‍ണ്ണവ്യവസ്ഥയില്‍ സംഭവിച്ച ഈ വികാസം.” പക്ഷേ അവ്യവസ്ഥിതിയെ സംബന്ധിച്ച ഉത്തരങ്ങള്‍ക്ക് സ്പഷ്ടത പൊരാ.
അക്ഷരമാലയുടെ ചില പകര്‍പ്പുകള്‍
ജോര്‍ജ്ജ് മാത്തന്:
അച്ചുകള്‍:
ഹ്രസ്വസ്വരങ്ങള്‍ - അ എ ഇ ഒ ഉ
ദീര്‍ഘസ്വരങ്ങള്‍ - ആ ഏ ഈ ഓ ഊ
ഹല്ലുകള്‍:
കണ്ഠ്യങ്ങള്‍ - ക ഖ ഗ ഘ ങ
താലവ്യങ്ങള്‍ - ച ഛ ജ ഝ ഞ
മൂര്‍ദ്ധന്യങ്ങള്‍ - ട ഠ ഡ ഢ ണ
ദന്ത്യങ്ങള്‍ - ത ഥ ദ ധ ന
ഓഷ്ഠ്യങ്ങള്‍ - പ ഫ ബ ഭ മ
ഊഷ്മാക്കള്‍ - യ ര ല വ
ശ ഷ സ ഹ
അന്തഃസ്ഥങ്ങള്‍ - ള ഴ റ റ്റ ന
ഏ.ആര്. രാജരാജവര്‍മ്മ:
സ്വരം
ഹ്രസ്വം – അ ഇ ഉ ഋ ന്
ദീര്‍ഘം – ആ ഈ ഊ ഋ നൂ
സന്ധ്യാക്ഷരം
എ ഒ
ഏ ഓ ഐ ഔ
മൊത്തം 16
II. വ്യഞ്ജനം
ഖരം അതിഖരം മൃദു ഘോഷം അനുനാസികം
1. ക ഖ ഗ ഘ ങ – കവര്‍ഗ്ഗം
2. ച ഛ ജ ഝ ഞ – ചവര്‍ഗ്ഗം
3. ട ഠ ഡ ഢ ണ – ടവര്‍ഗ്ഗം
4. ത ഥ ദ ധ ന – തവര്‍ഗ്ഗം
5. പ ഫ ബ ഭ മ – പവര്‍ഗ്ഗം
യ ര ല വ – മദ്ധ്യമം – 4
ശ ഷ സ - ഊഷ്മാവ് – 3
ഹ - ഘോഷി – 1
ള ഴ റ - ദ്രാവിഡമദ്ധ്യമം – 3
ന - ദ്രാവിഡാനുനാസികം -1
സ്വരം 16 + വ്യഞ്ജനം 37 = 53
കുട്ടികൃഷ്ണമാരാര്
സ്വരം
ഹ്രസ്വം – അ ഇ ഉ ഋ ന് എ ഒ
ദീര്‍ഘം - ആ ഈ ഊ ഋ ഏ ഐ ഓ ഔ
വ്യഞ്ജനം
ഖരം – ക ച ട ത പ
അതിഖരം – ഖ ഛ ഠ ഥ ഫ
മൃദു – ഗ ജ ഡ ദ ബ
ഘോഷം – ഘ ഝ ഢ ധ ഭ
അനുനാസികം – ങ ഞ ണ ന മ
മദ്ധയ്മം – യ ര,റ ല വ
ഊഷ്മാവ് – ഹ ശ ഷ സ
മ. മദ്ധയ്മം – ള,ഴ
സ്വരം – 15 + വ്യഞ്ജനം 36 = 51
മാരാര്‍ ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു:-
• റ്റ, ന, ന്റ മുതലായവ ഉള്‍പ്പെടുന്നില്ല
• ഋ മലയാളത്തിന് ആവശ്യമില്ല
• ഌ ക്ഌപ്തം എന്ന ഒരു വാക്കില്‍ മാത്രമേയുള്ളൂ. ഉപക്ഷിക്കാം
• വിസര്‍ഗ്ഗം ആവശ്യമില്ല
സ്വരം വ്യഞ്ജനം
വിവിധ കണക്കുകള്‍
സ്വരങ്ങള്‍ വ്യഞ്ജനങ്ങള്‍
ലീലാതിലകകാരന്‍ – 12 18
ഡ്രമണ്ട് – 16 35
സ്പ്രിങ്ങ് – 14 37
പീറ്റ് – 16 37
ഗുണ്ടര്‍ട്ട് – 12 18
മാത്തന് – 10 38
മേയര്‍ – 18 36
ഏ.ആര് – 16 37
വീണ്ടുവിചാരം
1. അം, ക്ഷ എന്നിവയെ വര്ണ്ണമാലയില് ചേര്‍ക്കേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ അവ സംയുക്തവര്‍ണ്ണങ്ങളാണ്. ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിനു സാദ്ധയ്തയില്ല
2. ഋ കാര ചിഹ്നം നു കാര ഹ്രസ്വദീര്‍ഘങ്ങള്‍ എന്നിവ ഉപയോഗിക്കുന്നില്ല എന്നതിനാല്‍ തന്നെ തര്‍ക്കത്തിന് സാധുതയില്ല.
3. വിസര്‍ഗ്ഗത്തോട് വിടപറയുക. എന്തെന്നാല്‍ അതിന്റെ ഉച്ചാരണം പരവര്‍ണ്ണഖരം മാത്രമാണ്. ദുഃഖം എന്നത് ദുക്ക്ഖം തന്നെയാണ്
4. സംവൃത – ഉകാരത്തെ അടിസ്ഥാന വര്ണ്ണമാലയില് ഉള്‍പ്പെടുത്തുക. എഴുത്തില്‍ ഉകാരചിഹ്നം വേണ്ടെന്നും വെക്കുക.
5. ഉച്ചാരണപരമായി ഐകാര – ഔകാരങ്ങള്‍ സംയുക്ത സ്വരങ്ങളാണെങ്കിലും പ്രയോഗത്തില്‍ അവ ഒറ്റസ്വരങ്ങള്‍ പോലെയാകയാല്‍ വര്ണ്ണമാലയില് ഉള്‍പ്പെടുത്തുക
6. വര്‍ത്സ്യഖരാനുനാസികങ്ങള്‍ക്ക് സ്പഷ്ടമായ ഉച്ചാരണഭേദവും അര്‍ത്ഥവ്യാവര്‍ത്തനശേഷിയും ഉള്ളതുകൊണ്ട് അവയെ അടിസ്ഥാനവര്‍ണ്ണമാലയില്‍ ചേര്‍ക്കുക
ഉപസംഹാരം
ഇത്തരത്തില്‍ ഒരവ്യവസ്ഥിതി മറ്റൊരു ഭാഷയിലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. അക്ഷരമാലാ ക്രമം മാനകമായി ചിട്ടപ്പെടുത്താന്‍ ഔദ്യോഗികമായ ഒരു ശ്രമം നമ്മള് നടത്തേണ്ടതുണ്ട്. വീട്ടില്‍ എത്രയാളുണ്ട് എന്ന ചോദ്യത്തിന് 9 നും 16 നും ഇടയില്‍ എന്ന ഉത്തരം എത്രത്തോളം അബദ്ധമാണോ അത്ര തന്നെ അക്ഷരമാലാ ക്രമത്തെ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളും അബദ്ധമാണ് എന്ന് പറയേണ്ടിവരും. തള്ളേണ്തതിനെ തള്ളിയും കൊള്ളേണ്ടതിനെ കൊണ്ടും കാലാനുസൃതമായ ഒരു മാറ്റം ഇക്കാര്യത്തില്‍ വന്നുചേരേണ്ടതുണ്ട്.
സഹായകഗ്രന്ഥങ്ങള്‍
1. ഭാഷാചരിത്രം – ജെ. പദ്മകുമാരി2. കേരളപാണിനീയം – ഏ.ആര്
3. മലയാള വ്യാകരണ പാഠങ്ങള്‍ - ഡോ. രാധാകൃഷ്ണന് മല്ലശ്ശേരി
4. ഭാഷാവലോകനം – കെ.എം. പ്രഭാകരവാര്യര്‍
5. മലയാളവ്യാകരണ സമീക്ഷ - കെ.എം. പ്രഭാകരവാര്യര്‍
6. ഭാഷാപരിചയം – മാരാര്‍
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ