ഉള്ളടക്കം
1. ആമുഖം
2. കൃതിയിലൂടെ
3. ഉത്തരാധുനിക വായന
4. ഉപസംഹാരം
ആമുഖം
ഒരു കൃതിയുടെ സാര്‍വ്വകാലികത അതിന്‍റെ ഏറ്റവും വലിയ വിജയമാണ്. ഇന്നലെകളില്‍ എഴുതപ്പെട്ട ഇന്നാണ് മഹേന്ദ്രവിക്രമവര്‍മ്മന്‍റെ മത്തവിലാസപ്രഹസനം. അദ്ദേഹത്തോളം പദവികളും ബഹുമാനാദരങ്ങളും നേടിയ അധികം ഭരണാധികാരികള്‍ ഭാരതത്തില്‍ അധികമുണ്ടായിട്ടില്ല. പല്ലവരാജവംശം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. മഹേന്ദ്രവര്‍മ്മന്‍ സാഹിത്യത്തിനും ശില്‍പകലയ്ക്കും ഭാര്തീയ കലാരംഗത്ത് സ്ഥിരസ്ഥാനം ഉറപ്പിച്ചുനല്‍കി. ക്രിസ്തുവിനു ശേഷം 580-630 വരെയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിത കാലഘട്ടം. അദ്ദേഹം പടയാളി, കവി, സംഗീതജ്ഞന്‍, ശില്‍പി, സാമൂഹിക പരിഷ്കര്‍ത്താവ് തുടങ്ങി നാനാവിധമായ മേഖലകളില്‍ തന്‍റെ പ്രാഗത്ഭ്യം തെളിയിച്ചു.
മത്തവിലാസത്തില്‍ വിവരിക്കപ്പെടുന്ന പ്രദേശം കാഞ്ചിയാണ്. അക്കാലത്തെ ഏറ്റവും പ്രമുഖമായ ദക്ഷിണേന്ത്യന്‍ കേന്ദ്രം കാഞ്ചിയായിരുന്നു. ഭരണമേറ്റെടുക്കുമ്പോള്‍ കാഞ്ചിയുടെ സ്ഥിതി എന്തായിരുന്നു എന്ന് വരച്ചുകാട്ടുകയാണ് അദ്ദേഹം ചെയ്തത്. ഒരുപാട് ബുദ്ധന്‍മാര്‍ കാഞ്ചിയില്‍ ഉണ്ടായിരുന്നു എന്ന് ഏ.ഡി. 7ആം നൂറ്റാണ്ടില്‍ ഹുയാങ് സാങ് രേഖപ്പെടുത്തിയിട്ടുണ്ട്. ശരാശരി ഒരു വിഹാരത്തില്‍ നൂറ് ബുദ്ധന്‍മാരുണ്ടായിരുന്നു. അങ്ങനെ നൂറോളം വിഹാരങ്ങളുണ്ടായിരുന്നു. ഇത്തരം ആയിരങ്ങളുടെ പ്രതിനിധിയാണ് നാഗസേനന്‍.
കപാലിയും പാശുപതിയും സംസാരിക്കുന്നത് സംസ്കൃതവും ബുധനും സോമസേനയും സംസാരിക്കുന്നത് ശൌരസേനിയെന്ന പ്രാകൃതത്തിലും ഭ്രാന്തന്‍ സംസാരിക്കുന്നത് മാഗധിയിലുമാണ്. കാഞ്ചിയുടെ സ്ഥിതി പറഞ്ഞാല്‍ പിന്നെ മറ്റിടങ്ങളിലെ കാര്യം പറയാനുണ്ടോ എന്നൊരു ധ്വനികൂടി കൃതിയിലുണ്ട്. മതങ്ങളും ആചാരങ്ങളും പ്രഹസനമായൊരു കാലത്തിന്‍റെ നടുച്ഛേദമാണ് മത്തവിലാസത്തില്‍ കാണുന്നത്.
മഹേന്ദ്രവര്‍മ്മന്‍ ജൈനമതത്തില്‍ നിന്നും ശൈവമതത്തിലേയ്ക്ക് മാറിയ ആളാണെന്നും അല്ലെന്നുമുള്ള പക്ഷങ്ങളുണ്ട്. എന്തുതന്നെയായാലും ആ ചര്‍ച്ച ഇവിടെ അപ്രസക്തമാണ്. അദ്ദേഹം പറഞ്ഞതെന്താണ് എന്നതിന്‍റെ ചര്‍ച്ചയാണ് ഇവിടെ പ്രസക്തമായിട്ടുള്ളത്.
കൃതിയിലൂടെ
മഹേന്ദ്രവര്‍മ്മന്‍ എല്ലാ മതഭ്രാന്തന്‍മാരെയും കളിയാക്കുന്നുണ്ട്. “സോമയാഗത്തില്‍ പശുഹിംസ പുണ്യമെന്ന് വിശ്വസിക്കുകയും സോമരസവും മാംസരസവും സേവിക്കുകയും ചെയ്യുന്ന സോമയാജികളുടെയും പത്നിമാരുടെയും പ്രതിനിധികളാണ് സത്യസോമനും ദേവസോമയും” എന്ന് കെ.പി നാരായണപിഷാരോടി പറയുന്നുണ്ട്. എന്നാല്‍ ഈ വിമര്‍ശനം അത്രകണ്ട് കുറിയ്ക്ക് കൊള്ളുന്നതല്ല. പശു ഒരു വിശുദ്ധമൃഗമായി കൊണ്ടാടാന്‍ തുടങ്ങിയിട്ട് അധികകാലമായില്ല. ആ വിമര്‍ശനത്തിലും പ്രസക്തമായ മറ്റു വിമര്‍ശനങ്ങളുണ്ട് അവ പരിശോധിക്കണം.
അക്കാലത്തെ ബുദ്ധ ഭിക്ഷുക്കളുടെ ജീവിതത്തില്‍ നിന്ന് തുടങ്ങാം. അവര്‍ വിഹാരങ്ങളില്‍ സുഖകരമായ ജീവിതം നയിച്ചു പോന്നു. അത് ബുദ്ധ തത്വങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. അവരുപയോഗിച്ച വസ്ത്രം വെറുമൊരു മറ മാത്രമായിരുന്നു. അത് മുതലെടുപ്പിന്‍റെയും സുഭിക്ഷ ജീവിതത്തിന്‍റെയും ചിഹ്നമായി മാറി.
നാഗസേനനെ പ്രതിനിധിയായി സ്വീകരിക്കുമ്പോള്‍ തെളിയുന്നത്:-
മത്സ്യ മാംസങ്ങള്‍ പതിവാണ്. മദ്യപാനം നിഷിദ്ധമാണ് പക്ഷേ ആരുമറിയാതെ പതിവുണ്ട്. വിഹാരത്തിലേയ്ക്ക് പോകുന്ന നാഗസേനനെയാണ് നാടകാരംഭത്തില്‍ കാണുന്നത്. ഉള്ളിലൊന്നും പുറത്ത് മറ്റൊന്നുമാണ് അയാള്‍ സദാസമയവും പറഞ്ഞുകൊണ്ടിരിക്കുന്നത്. ആത്മീയമായ ശുദ്ധി ഒട്ടും പുലര്‍ത്താന്‍ കഴിയാത്ത കണ്ണനാണയമാണ് അയാള്‍. അയാള്‍ പറയുന്നു: ‘വളരെ ദയാലുവായ ഭഗവാനാണ് ബുദ്ധന്‍. നന്ദി പറയുന്നത് ഭക്തി കൊണ്ടല്ല, ഭുക്തികൊണ്ടാണ്. നല്ല മാളികയിലാണ് അയാളുടെ താമസം , നല്ല കിടക്കവിരിച്ച കട്ടിലിലാണ് കിടപ്പ്, കാലത്ത് കൃത്യസമയത്ത് ഭക്ഷണം, വൈകുന്നേരം രുചികരമായ പഴച്ചാറുകള്‍, പാനരസങ്ങള്‍, അഞ്ച് സുഗന്ധദ്രവ്യങ്ങളോടു കൂടിയ വെറ്റില മുറുക്ക്, നേരിയ വസ്ത്രം കോണ്ടുള്ള നല്ല ഉടുപ്പ്...ഇതൊക്കെ കല്‍പിച്ചുതരുന്നത് ബുദ്ധനാണ് എന്നാണയാളുടെ വിശ്വാസം. ഇതൊന്നും ബുദ്ധന്‍ ഉപദേശിച്ചതല്ലല്ലോ. കൊട്ടാരമുപയോഗിച്ച് സത്യം തേടിപ്പോയ സര്‍വ്വസംഗപരിത്യാഗിയായ ബുദ്ധന്‍ ഭൌതിക ജീവിതത്തെ ഉപേക്ഷിക്കാനും ആഗ്രഹങ്ങളെ അടക്കാനുമാണ് ആവശ്യപ്പെട്ടത്. അത് തെറ്റിവായിക്കുകയും മനഃപൂര്‍വ്വം വളച്ചൊടിക്കുകയുമാണ് പിന്തുടര്‍ച്ചക്കാര്‍ ചെയ്തത്. ഭൌതിക ചര്‍ച്ചകള്‍ നടത്താനും പരാതികള്‍ പറയാനും തന്നെ അവര്‍ക്ക് നേരം തികയുന്നില്ല. എന്നിട്ടും കിട്ടാത്തതിനെക്കുറിച്ചയാള്‍ പരാതി തുടരുന്നു. നാഗസേനന്‍ പരാതി പറയുന്നു: “ഇതൊക്കെ ഉപദേശിച്ച ബുദ്ധന്‍ പെണ്ണുകെട്ടും കള്ളുകുടിയും വിട്ടുകളയാന്‍ ഇടയില്ല. യുവാക്കളോട് അസൂയ മൂത്ത തന്തക്കിളവന്‍മാര്‍ കീറിക്കളഞ്ഞതായിരിക്കണം ആ ഭാഗം. സമ്പൂര്‍ണ്ണ വചനങ്ങള്‍ എവിടെ നിന്നെങ്കിലും കിട്ടിയിരുന്നെങ്കില്‍ അത് പ്രചരിപ്പിച്ച് നമ്മുടെ വിഭാഗക്കാര്‍ക്ക് കൂടുതല്‍ ഉപകാരം ചെയ്യാമായിരുന്നു” എന്ന്. ഇനി ഇത്രകൂടിയേ വളച്ചൊടിക്കാനുള്ളൂ.
കപാലിക്കും രൂപമെന്നത് കേവലം ഭൌതികം മാത്രമാണ്. മദ്യം സേവിച്ച് ഭാര്യയുടെ പേരുപോലും മാറ്റിവിളിക്കുന്ന കപാലിമാരില്‍ നിന്ന് ഈശ്വരന്‍ എത്രമാത്രം അകലെയാണ് എന്നാണ് വാസ്തവത്തില്‍ മഹേന്ദ്രവര്‍മ്മന്‍ ചോദിക്കുന്നത്. മദ്യസേവ നിര്‍ത്തിയാല്‍ തപസ്സുമുടങ്ങുമെന്നും അതിനാല്‍ അതുപേക്ഷിക്കരുത് എന്നുമപേക്ഷിച്ചുകൊണ്ട് ദേവസോമ കപാലിയുടെ കാല്‍ക്കല്‍ വീഴുന്നു. വിവാഹവും മദ്യവും പാടില്ലെന്നും പറഞ്ഞ ബുദ്ധമതത്തോട് കപാലിക്ക് പുച്ഛമാണ്. മത സഹിഷ്ണുതയുടെ അവസ്ഥകൂടി വരികള്‍ക്കിടയിലൂടെ മഹേന്ദ്രവര്‍മ്മന്‍ എഴുതിച്ചേര്‍ക്കുന്നുണ്ടെന്ന കാര്യം മറന്നുപൊയ്ക്കൂടാ.
മുടി മുറിക്കണം, വൃത്തിയായി നടക്കണം, നിശ്ചിതസമയത്തു മാത്രമേ ഭക്ഷണം കഴിക്കാവൂ, മുഷിഞ്ഞ വസ്ത്രമേ ഉടുക്കാവൂ എന്നൊക്കെപ്പറയുന്ന ബുദ്ധന്‍ അയാളുടെ കണ്ണില്‍ വളരെ നിന്ദ്യനാണ്. ആ പേരുപറഞ്ഞ നാവ് കള്ളുകൊണ്ട് കഴുകി ശുദ്ധമാക്കണം. കപാലിയുടെ കാഞ്ചീപുരവര്‍ണ്ണന തന്നെ ‘മദിരാഭഗവതിയെപ്പോലെ അതിമധുരമാണ് കാഞ്ചീപുരം’ എന്നാണ്. മദ്യയാഗശാല പോലെയാണത്. യൂപത്തിന്‍റെ സ്ഥാനത്ത് തൂണ്, സോമരസത്തിന്‍റെ സ്ഥാനത്ത് കള്ള്, കുടിയന്‍മാര്‍ കര്‍മ്മികളാണ്. ചമരസങ്ങള്‍ക്കു പകരം ചട്ടികള്‍, മാംസക്കറികള്‍ ഹോമദ്രവ്യങ്ങള്‍, മത്തുപിടിച്ചുപറയുന്ന വാക്കുകള്‍ യജുര്‍വ്വേദ മന്ത്രങ്ങള്‍, പാട്ടുകള്‍ തന്നെ സാമഗാനങ്ങള്‍, കുയിലുകള്‍ തന്നെ സ്രുവങ്ങള്‍, കൊതി തന്നെ അഗ്നി, മദ്യശാല നടത്തുന്നവന്‍ യാഗം ചെയ്യുന്ന യജമാനനും...അങ്ങനെ കപാലിമാരെ മഹേന്ദ്രവര്‍മ്മന്‍ നിശിതമായി വിമര്‍ശിക്കുന്നു. മതവിശ്വാസങ്ങളെയൊക്കെ ഇത്തരം മുതലെടുപ്പുകാരാണ് വളച്ചൊടിച്ചത് എന്ന തിരിച്ചറിവാണ് ഇതിന്‍റെ പ്രസക്തി. ശിവന്‍ കാമദേവനെ ദഹിപ്പിക്കുകയില്ല എന്ന് കപാലി വിശദീകരിക്കുന്ന ഭാഗത്തു തന്നെ ലക്ഷ്യം ശിവനെ രക്ഷിക്കുകയല്ല; മറിച്ച് കള്ളിനും ലഹരിക്കും പിന്തുണ പ്രഖ്യാപിക്കുകയാണ്.
കപാലി തപസ്സ് നശിച്ചുവെന്ന് പറയുന്നത് കപാല നഷ്ടത്താലാണ്. തല്‍ക്കാലത്തേയ്ക്ക് കാളക്കൊമ്പ് പകരം നില്‍ക്കുന്നുമുണ്ട്. തപസ്സിനെ കേവലം കപാലത്തിലേയ്ക്ക് ഒതുക്കുകയാണ് ഇവിടെ സംഭവിക്കുന്നത്. അപ്പോള്‍ തപസ്സെന്നത് കേവലം കപാലം നിറയാനായുള്ളത് മാത്രമാണ് എന്ന ധ്വനിയാണിവിടെ ഉടലെടുക്കുന്നത്. വയറുനിറയുകയാണ് ഉദ്ദേശം, തെണ്ടിനടക്കുന്നതിന്‍റെ രസം, അലക്ഷ്യത്തിന്‍റെ ആനന്ദം. നായയോ ബുദ്ധസന്യാസിയോ എന്ന് കപാലി ബൌദ്ധന്‍മാരെ അധിക്ഷേപിക്കുന്നുണ്ട്. കപാലിമാരും തിരിച്ച് അങ്ങനെ കളിയാക്കപ്പെട്ടിരുന്നു എന്നത് ഉറപ്പാണല്ലോ. നിങ്ങള്‍ മറച്ചു പിടിക്കാനാണ് കുറെയേറെ വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നതെന്നും വേദാന്തങ്ങള്‍ മോഷ്ടിച്ചാണ് ബുദ്ധന്‍ തത്വങ്ങളാവിഷ്കരിച്ചിരിക്കുന്നത് എന്നും കപാലി ആരോപിക്കുന്നു. ബൌദ്ധര്‍ അതൊന്നുമത്ര കാര്യമാക്കുന്നില്ല. വിഹാരത്തില്‍ തിരിച്ചെത്താനാണവര്‍ക്ക് തിരക്ക്. പരസ്പരം നാവെടുത്താല്‍ തെറിപറയുന്ന തരത്തില്‍ മതസൌഹാര്‍ദ്ദം നിറഞ്ഞതായിരുന്നു അന്നത്തെ അന്തരീക്ഷം.
കപാലി മദ്യം നീട്ടുമ്പോള്‍ ഇച്ഛയ്ക്കെതിരായ വാക്കാല്‍ നാഗ്സേനന്‍ അത് വേണ്ടെന്നുവെക്കുന്നു. വൈരാഗ്യം വന്നിട്ടുള്ളവനാണ് കപാലിയെങ്കില്‍ ക്ഷോഭിക്കാതിരിക്കണമെന്ന് അയാള്‍ തിരിച്ചും പറയുന്നു. കാര്യം കിട്ടിയാല്‍ ക്ഷോഭിക്കാതിരിക്കാമെന്നയാള്‍ തിരിച്ചും അയാള്‍ തിരിച്ചും പറയുന്നു. തീര്‍ത്തും സാധാരണക്കാരില്‍ തന്നെ കെട്ടിനില്‍ക്കുന്നവരാണ് ഇരുവരും.
ബുദ്ധമതത്തിനെതിരായി എക്കാലത്തും നിലനിന്നിരുന്ന വിമര്‍ശനങ്ങളെല്ലാം നാടകകര്‍ത്താവ് ഇതില്‍ ക്രോഡീകരിച്ചിട്ടുണ്ട്. ഇക്കണ്ട് ഭൂമിയും ആകാശവും സമുദ്രവും പര്‍വ്വതങ്ങളും പോലുള്ള ബൃഹത്തായ സംഗതികള്‍ പോലും മായയാണ് എന്ന് പറയുന്ന ബുദ്ധന്‍റെ ശിഷ്യന്‍മാരും കള്ളന്‍മാരാണെന്ന് കപാലി ആരോപിക്കുന്നു.
ആപത്തിലുള്ള പരസ്പര സഹായം പോലും മറ്റെന്തൊക്കെയോ പരിഗണനകളാല്‍ അട്ടിമറിക്കപ്പെടുന്നു. അതിനാലാണ് ആദ്യം വീണ കപാലിക്ക് കൈകൊടുക്കാതെ സുന്ദരിയായ ദേവസോമയ്ക്ക് നാഗസേനന്‍ സഹായഹസ്തം നീട്ടിയത്. അരാഷ്ട്രീയത്തിന്‍റെ വ്യക്തമായ രാഷ്ട്രീയം പോലെ മാദ്ധ്യസ്തവും നീതിന്യായ വ്യവസ്ഥയും കോടതികളും തരം താണു. തര്‍ക്കം തീര്‍ക്കാനെത്തുന്ന പാശുപതന്‍ മറുപക്ഷത്തിന് പ്രോത്സാഹനം കൊടുത്ത് ശത്രുവിനെ നശിപ്പിക്കാമെന്ന് കണക്കുകൂട്ടി മനസ്സുകൊണ്ട് കപാലിയോട് പക്ഷഭേദം കാണിക്കുന്നു.
രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധമല്ല നമ്മളിവിടെ കാണുന്നത്, മറിച്ച് ജനതയ്ക്കകത്തും പുറത്തും എന്താണ് നടക്കുന്നതെന്നാണ് നമ്മല്‍ വായിക്കുന്നത്. തരാത്തത് എടുക്കുന്നതില്‍ നിന്ന് വിരമിക്കുകയും സമയത്തിനല്ലാതെ ഭക്ഷിക്കരുതെന്നും ബുദ്ധന്‍ പറഞ്ഞത് മോഷ്ടിക്കരുതെന്ന് പറയാന്‍ മാത്രമല്ല, സമയത്തിന് ഭക്ഷണം കഴിച്ചേതീരൂ എന്ന ആഹ്വാനവുമല്ല. പുറത്തുമകത്തും മങ്ങാത്ത കറുത്ത ചായം മതത്തിന്‍റെ മതിലുകളില്‍ പൂശപ്പെട്ടിട്ടുണ്ടെന്ന് മഹേന്ദ്രവര്‍മ്മന്‍ ഉറപ്പിച്ച് പറയുന്നു.
കപാലത്തിന്‍റെ നിറം മാറി മാറി അത് ശുദ്ധമാകുമെന്ന് കപാലി വിശ്വസിക്കുന്നിടത്ത് ചില ഉദ്ധരണികളുണ്ട്. അതിലൂടെ ഈശ്വരന്‍മാരെ മനുഷ്യത്തത്തിലേയ്ക്കിറക്കിക്കൊണ്ടുവന്ന് ചെയ്തികളെ വിമര്‍ശന വിഷയമാക്കുകയാണ് ചെയ്യുന്നത്. ശിവന്‍ ബ്രഹ്മഹത്യാ പാപത്തില്‍ നിന്നും ഇന്ദ്രന്‍ തനയഹത്യാ പാപത്തില്‍ നിന്നും യഥാക്രമം തപസ്സിലൂടെയും നൂറ് യാഗങ്ങളിലൂടെയും മോചിതരാകുന്നു. രണ്ടും പാപാനന്തരമുള്ള മോചനശ്രമം മാത്രമാണ്. തെറ്റ് ചെയ്തവന്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന നീതിയോട് അവയൊന്നും യോജിച്ചുപോകുന്നില്ലല്ലോ!
അക്കാലത്തെ കോടതികളുടെ അവസ്ഥയും മറ്റും കുറച്ച് വാക്കുകളിലൂടെത്തന്നെ നമ്മളിലേക്ക് എത്തുന്നുണ്ട്. ന്യായാധിപന്‍മാര്‍ പണത്തിന് കീഴ്പ്പെടുന്ന കാലത്ത് എന്തും നടക്കുമെന്നാണ് സൂചന. അന്നും കോടതികള്‍ പനത്തിന് വിടുപണി ചെയ്തിരുന്നു. ന്യായാധിപന്‍റെ അടുത്തേയ്ക്ക് പോകാമെന്ന് നിര്‍ദ്ദേശം വെച്ചപ്പോള്‍ ദീര്‍ഘനമസ്കാരം ചെയ്യുകയാണ് കപാലി ചെയ്യുന്നത്. പള്ളികളുടെ ഭരണത്തില്‍ ബൌദ്ധന്‍മാര്‍ ഏറെ സമ്പാദിച്ചുവെന്ന് പറയുമ്പോള്‍ അത് സ്ഥാപനവല്‍ക്കരിച്ചു എന്നതാണതിലെ വ്യംഗ്യം. അധികാരവും മത പൌരോഹിത്യവും ധനവും സമാനമായൊരു ഗുപ്തസത്യമാണ് എന്ന് മഹേന്ദ്രവര്‍മ്മന്‍ ഉറപ്പിച്ച് പറയുന്നുണ്ട്.
ഇങ്ങനെയൊക്കെ ജീവിക്കുമ്പോഴും തങ്ങള്‍ ചെയ്യുന്നത് ന്യായങ്ങള് മാത്രമാണ് എന്ന് എല്ലാവര്‍ക്കും തോന്നുന്നുണ്ട്. ഇല്ലാതെ പോകുന്ന സ്വയം വിമര്‍ശനവും എല്ലാത്തരത്തിലുമുള്ള മൂല്യശോഷണവുമാണ് അത്തരമൊരു വിശ്വാസത്തിലേക്ക് ജനതയെ എത്തിച്ചത് എന്ന കാര്യം തള്ളിക്കളയാനാകാത്ത ന്യായവും യുക്തിയുമാണ്.
ഉത്തരാധുനിക വായന
മഹേന്ദ്രവര്‍മ്മന്‍ പറഞ്ഞ കാര്യങ്ങള്‍ കുറേക്കൂടി വികസ്വരമാകുമ്പോള്‍ അത് ആധുനിക കാലത്തില്‍ തറച്ചു നില്‍ക്കുന്നു. ഇന്നത്തെ മതവും മതപൌരോഹിത്യവും കോടതിയും സന്യാസികളും മനുഷ്യദൈവങ്ങളും വിമര്‍ശിക്കപ്പെടുന്നു. യഥാര്‍ഥ ഭക്ത്യും മതവിശ്വാസവും ചോര്‍ന്നു പോകുന്നു. അട്ടിമറിക്കപ്പെടുകയും ന്യൂനപക്ഷമാവുകയും ചെയ്യുന്നു.
അധികാരവും കോടതിയും മതപൌരോഹിത്യത്തിന്‍റെ വിഴുപ്പുഭാണ്ഡങ്ങള്‍ക്കും ചോരപുരണ്ട വാളുകള്‍ക്കും മറയായി അവര്‍ക്കു വേണ്ടി വാദികുന്നു. അമ്പലങ്ങള്‍ക്കും പള്ളികള്‍ക്കും മുന്നില്‍ അവര്‍ ഓച്ഛാനിച്ചു നില്‍ക്കുന്നു. അവര്‍ക്കുവേണ്ടി കാലത്തെ കെട്ടിയിടുന്നു. കുരിശുയുദ്ധങ്ങള്‍ നടക്കുന്നു, വേള്ഡ്ട്രേഡ് സെന്‍റര്‍ തകരുന്നു, സ്റ്റെയിന്‍സിന്‍റെ കുടുംബം കത്തുന്നു, ബാബ്റി മസ്ജിദ് തകരുന്നു, പാല്സ്തീന്‍റെ അതിര്‍ത്തി ചുരുങ്ങുന്നു, ഗുജറത്തും മാറാടുമുണ്ടാകുന്നു, പള്ളികളിലും അമ്പലങ്ങളിലും ഒരു മറകൂടി പണിതിരിക്കുന്നു, ഒരേ വേദ പുസ്തകം വിശ്വാസികളെ സൃഷ്ടിക്കുകയും നാണയത്തിന്‍റെ മറുപക്ഷത്ത് തീവ്രവാദികളെ ഊട്ടുകയും ചെയ്യുന്നു, പള്ളികളില്‍ പുരോഗമനങ്ങളെ അട്ടിമറിക്കാന്‍ പുരോഹിതന്‍മാര്‍ ആഹ്വാനം ചെയ്യുന്നു. ഭണ്ഡാരങ്ങള്‍ മാത്രം നിറഞ്ഞിരിക്കുകയും ഖജനാവ് കാലിയായിരിക്കുകയും ചെയ്യുന്ന നാനാത്വത്തില്‍ ഏകത്വമുള്ള ഭാരതത്തിലാണ് നമ്മളിപ്പോള്‍ ജീവിച്ചിരിക്കുന്നത്. മനുഷ്യദൈവം സമ്മേളനം നടത്തുമ്പോള്‍ പത്രമുതലാളിമാര്‍ അതിന് രാപകലുകള്‍ കാവല്‍ കിതക്കുന്നു. ലോകജലസമ്മേളനം നടക്കുമ്പോള്‍ പുച്ഛത്തോടെ എഴുതുന്നു. പരദേശിയായൊരു മുതലാളിയ്ക്കായി കോടികളുടെ വെള്ളമൂറ്റാമെന്ന് കോടതി വീണ്ടും വിധിയ്ക്കുന്നു. സ്ന്യാസിമാര്‍ വാറ്റുചാരായത്തില്‍ മറുലോകത്തെച്ചൊല്ലി തപസ്സിരിക്കുന്നു. നഗ്നമായ തപസ്സ് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ സമാധിയായി വളരുന്നു.
പറഞ്ഞുവന്നത് എല്ലാം ഇങ്ങനെയാണ് എന്നല്ല; മറിച്ച് ഇങ്ങനെയുമുണ്ട് എന്നാണ്. ഗാന്ധിയ്ക്കും ബുദ്ധനും ശിവനും കൃഷ്ണനും നബിയ്ക്കും ക്രിസ്തുവിനും ഒരു ‘ശ്രീ’ മാത്രമുള്ളപ്പോള്‍ ദിവ്യന്‍മാര്‍ക്ക് പേരിന് മുമ്പിലായി രണ്ടും മൂന്നും ‘ശീ’ കള്‍ നമ്മള്‍ കല്‍പ്പിച്ചുകൊടുത്തിരിക്കുന്നു. ശരിക്കുമൊരു അമ്മയുടെ വയറ്റില്‍ നിന്ന് ഭ്രൂണത്തെ കീറിയെടുത്ത് ചുട്ടുകളഞ്ഞ നമ്മുടെ ജനത അമ്മയല്ലാത്തൊരമ്മയെ മാത്രം അംഗീകരിക്കുന്നു.
ഭൌതികവാദവും ആത്മീയവാദവും കൂടിക്കലര്‍ന്നിരിക്കുന്നു. വിധിയും കര്‍മ്മവും കൂടിക്കലര്‍ന്നിരിക്കുന്നു. ജ്യോതിഷവും ജ്യോതിശാസ്രവും ഇരട്ടപെറ്റിരിക്കുന്നു, ജ്യോത്സ്യനും കൈനോട്ടക്കാരനും നാട് ഭരിക്കുന്നു, ശ്രീഹരിക്കോട്ടയില്‍ നിന്ന് തേങ്ങയുടച്ചുകൊണ്ട് ഒരു ഉപഗ്രഹം കൂടി റോക്കറ്റിലേറി ശൂന്യാകാശത്തിലേയ്ക്ക് പുറപ്പെടുന്നു.
ഉപസംഹാരം
ഇതൊക്കെ പറയേണ്ടിവരുന്നത് പ്രഹസനവായനയുടെ അനന്തരഫലമായാണ്. ചര്‍ച്ചചെയ്യപ്പെടേണ്ട ഒട്ടനവധി കാര്യങ്ങള്‍ മത്തവിലാസം നമുക്ക് തരുന്നുണ്ട്. എഴുതാപ്പുറം വായിക്കുകയല്ല; മറിച്ച് വരികള്‍ക്കിടയിലൂടെ യാത്ര ചെയ്ത് കാലത്തെ, നൂറ്റാണ്ടുകളെ നവീകരിക്കുകയാണ് അനുവാചകന്‍ ചെയ്യേണ്ടത്. മതങ്ങള്‍ എങ്ങനെയാണ് പ്രായോഗിക ജീവിതത്തില്‍ അവയുടെ ഉദ്ദേശശുദ്ധി, സാരാംശം എന്നിവയെ നിരാകരിക്കുന്നത് എന്നാണ് മഹേന്ദ്രവര്‍മ്മന്‍ നമുക്ക് പറഞ്ഞുതരുന്നത്. ഉദ്ദേശശുദ്ധിയുള്ള ആത്മീയതയില്‍ നിന്ന് വഴിപിഴച്ച ഭൌതികവാദത്തിലേയ്ക്കുള്ള പരിവര്‍ത്തനമാണ് കൃതിയിലെ പരാമര്‍ശവിഷയം.
ഇത്രയും ആനുകാലിക പ്രസക്തമായ സംസ്കൃതകൃതികള്‍ അധികം കാണുകയില്ല. ഇത്തരം കൃതികളുടെ വെളിച്ചം മൃതഭാഷയെന്ന സംസ്കൃതത്തെ സംബന്ധിച്ച ഇരുട്ടിനെ അകറ്റുന്നു.
നല്ല ആസ്വാദനം. മത്തവിലാസപ്രഹസനം എല്ലാക്കാലത്തും പ്രസക്തമായ കൃതിയാണെന്ന് വരുന്നത് അത് മനുഷ്യരാശി എല്ലാ കാലത്തും അഭിമുഖീകരിക്കുന്ന മൂല്യത്തകര്‍ച്ചകളെ അഭിസംബോധന ചെയ്യുന്നതുകൊണ്ടാണ് എന്ന് ഓര്‍മിപ്പിച്ചതിന് നന്ദിയുണ്ട്.
മറുപടിഇല്ലാതാക്കൂനന്ദി ശ്രീ സതീഷ് സൂര്യനാരായണന്‍
മറുപടിഇല്ലാതാക്കൂ