2009, ജൂൺ 29, തിങ്കളാഴ്‌ച

സക്കറിയാ കഥകളിലെ ക്രൈസ്തവ സ്വാധീനം

ഉള്ളടക്കം

1. മുന്‍വാക്ക്
2. നാലുകഥകള്‍
3. വിശുദ്ധര്‍ ചെയ്തത്
4. ജ്ഞാനസ്നാനം
5. മേല്‍വിലാസം
6. തലയോട്
7. സ്വയം വിമര്‍ശനം
8. ചുമതലകള്‍
9. കുരിശുമലമുകളില്‍
10. കുരിശിന്‍റെ വിജയം
11. ക്രിസ്തു ഒരു സാധാരണ മനുഷ്യന്‍
12. ഉപസംഹാരം



മുന്‍വാക്ക്


തെറ്റെന്ന് തോന്നുന്നതിനെ ചോദ്യം ചെയ്യാതെയും വിമര്‍ശിക്കാതെയും ഒരു നിമിഷം പോലും തുടര്‍ന്ന് കലാകാരനായും കഥാകാരനായും മനുഷ്യനായും ജീവിക്കാന്‍ കഴിയുകയില്ല എന്ന് തെളിയിച്ചയാളാണ് സക്കറിയ. അദ്ദേഹത്തിന്‍റെ കഥാജീവിതവും സാമൂഹ്യ ജീവിതവും അതിന് ഉത്തമദൃഷ്ടാന്തമാണ്.

ശരിയെന്നു തോന്നുന്ന തന്‍റെ നിലപാടുകളില്‍ ഒട്ടും വിട്ടുവീഴ്ച്ച ചെയ്യാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. കൈനീട്ടിവരുന്ന എതിര്‍പക്ഷത്തോട് സന്ധിചെയ്യാനും അദ്ദേഹം തയ്യാറാകുന്നില്ല.

മതപൌരോഹിത്യത്തോടുള്ള ചെറുത്തുനില്‍പും എതിര്‍പ്പും പോരാട്ടവും വരികളിലൂടെയും വരികള്‍ക്കിടയിലൂടെയും നമ്മള്‍ അദ്ദേഹത്തിലൂടെ വായിച്ചെടുക്കുന്നുണ്ട്. ലളിതമെന്നും സങ്കീര്‍ണ്ണമെന്നും തരം തിരിവുകളില്ലാതെ പ്രസക്തമായതിനെയൊക്കെ തന്‍റേതായ കഥകളിലൂടെ പരിണമിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

സക്കറിയാ കഥകളിലെ ക്രൈസ്തവ സ്വാധീനത്തെക്കുറിച്ചറിയാന്‍ കുറേ കഥകളെ കൂട്ടിവായിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്‍റെ വാദപ്രതിവാദങ്ങളും ചോദ്യോത്തരങ്ങളും നീതിബോധവും പരിഹാസവും വിമര്‍ശനവും ഒക്കെ അതിലൂടെ തെളിയുന്നുണ്ട്.

വിലയിരുത്തുന്ന നാല് കഥകള്‍


1. വിശുദ്ധ താക്കോല്‍: അഥവാ ആത്മാവ് സ്വര്‍ഗ്ഗത്തില്‍ പോകുന്നതെങ്ങനെ?
2. ജോസഫ് നല്ലവന്‍റെ കുറ്റസമ്മതം
3. കുരിശുമലമുകളില്‍
4. കണ്ണാടികാണ്‍മോളവും

ഈ നാല് കഥകളെ കൂട്ടിവായിക്കുമ്പോള്‍ തന്നെ പറയാനുള്ളത് കത്തുന്ന വാക്കുകളിലാണ് കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്നതെന്ന് നമുക്ക് മനസ്സിലാവും. ഭാഷ ഫലിതമാകുന്നു, പരിഹാസമാവുന്നു, കൂര്‍മ്മവിമര്‍ശനമാകുന്നു.

‘വിശുദ്ധതാക്കോലി’ല്‍ ഇങ്ങനെ പറയുന്നു:
“ഏറെനാള്‍ അശ്രദ്ധനായി മനസ്സിന്‍റെ ഏകാഗ്രത നശിച്ച് അലഞ്ഞു നടന്നതിനു ശേഷം ഒരു ദിവസം മലമുകളിലെ കാട്ടിലൊരിടത്ത് മുട്ടിന്‍മേല്‍ വീണ് പ്രവാചകന്‍ മുട്ടിപ്പായി പ്രാര്‍ഥിച്ചു”

മനസ്സിന്‍റെ ഏകാഗ്രത നശിച്ച് അശ്രദ്ധനായി അലഞ്ഞു നടന്നവനാണ് പ്രവാചകനായി വിലസുന്നത് എന്ന ധ്വനി ഈ വരികളിലുണ്ട്. ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നതാണ് തുടര്‍വരികള്‍

“അതായത്, പരിശുദ്ധനായ പിതാവേ എനിക്ക് താഴെക്കാണിക്കുന്ന ജ്ഞാനം കൂടിയേ തീരൂ. എന്തെന്നാല്‍ ഞാന്‍ നിന്‍റെ സുവിശേഷം എല്ലാ നാടുകളിലും അറിയിക്കേണ്ടവനല്ലേ? എനിക്കറിയേണ്ടത് ഇതാണ്. അതായത് ഒരാത്മാവ് സ്വര്‍ഗ്ഗത്തില്‍ പോകുന്നതെങ്ങനെ, സാധിക്കുമെങ്കില്‍ പറ”

സാധാരണക്കാര്‍ക്ക് ആത്മാവിനെക്കുറിച്ചും സ്വര്‍ഗ്ഗത്തെക്കുറിച്ചും പറഞ്ഞുകൊടുക്കുന്നവനാണ് ഒരു പ്രവാചകന്‍ എന്ന പൊതു സാമൂഹിക വ്യവസ്ഥയുടെ വിശ്വാസത്തെയാണ് സക്കറിയ ചോദ്യം ചെയ്യുന്നത്. പോരാതെ അതിലൊരു വിലപേശലിന്‍റെ സ്വരം കൂടിയുണ്ട്. നിന്‍റെ സുവിശേഷം എല്ലാ നാടുകളിലും പറഞ്ഞുകൊണ്ടു നടക്കണമെങ്കില്‍ താഴെപ്പറയുന്ന ആവശ്യം നിറവേറിത്തന്നേ മതിയാവൂ എന്നദ്ദേഹം പ്രവാചകനെക്കൊണ്ട് പറയിക്കുന്നുണ്ട്. വോട്ടുവേണോ എങ്കില്‍ സ്കൂള് താ എന്ന് പള്ളിയിലെ അച്ചന്‍ പറയുന്നതുപോലെയാണ് ഇത്.

സമാധിയിലിരിക്കുന്നവര്‍ക്ക് സ്ഥലകാല ബോധമില്ലെന്നും ദര്‍ശനമോ അശരീരിയോ ഉണ്ടാകില്ലെന്നും റോമില്‍ പരിശുദ്ധ പിതാക്കന്മാര്‍ ഉണ്ടായിരുന്നില്ലെന്നും പിന്നീട് ഉണ്ടായിത്തുടങ്ങിയത് എത്രയോ നൂറ്റാണ്ടുകള്‍ക്കുശേഷം സാമ്പത്തിക കാരണങ്ങളാലാണ് എന്നും പൌരോഹിത്യത്തെയും സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും ബന്ധപ്പെടുത്തിയുള്ള രത്നച്ചുരുക്കം കഥാകൃത്ത് അവതരിപ്പിക്കുന്നു.


വിശുദ്ധര്‍ ചെയ്തത്


റോമിലിരുന്ന വിശുദ്ധ പിതാക്കന്മാര്‍ ചെയ്തതെന്തെന്ന ചോദ്യത്തിന് സക്കറിയ തരുന്ന ഉത്തരം കഥയില്‍ നിന്ന് എടുത്തു ചേര്‍ക്കാം:-
“ഒന്നിനു പിറകെ ഒന്നായി അവര്‍ ജനിക്കുകയും വാഴുകയും ഖനികള്‍ കുഴിയ്ക്കുകയും വ്യവസായങ്ങള്‍ ആരംഭിക്കുകയും യുദ്ധങ്ങള്‍ ജയിക്കാനായി പ്രാര്‍ഥിക്കുകയും അരമനകള്‍ പണിയുകയും സമാധാനത്തിന്‍റെയും സാധുത്വത്തിന്‍റെയും എളിമയുടെയും ദൌത്യവാഹകന്‍മാരായി കാലം ചെയ്യുകയും കാലം ചെയ്യുകയും സ്വര്‍ഗ്ഗത്തില്‍ തലയ്ക്കു ചുറ്റും പ്രകാശവലയമുള്ള ആത്മാക്കളായി പ്രവേശിക്കുകയും ചെയ്തു.”
ഇതില്‍ തുറന്നു കാണിക്കപ്പെടുന്ന വൈരുദ്ധ്യങ്ങള്‍ പ്രകടയാഥാര്‍ത്ഥ്യങ്ങളാണ്. ചരിത്രത്തിലും വര്‍ത്തമാനത്തിലും അതിനുള്ള തെളിവുകള്‍ നിറയെ ഉണ്ട്. എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ടുനിന്നിട്ട് ഒടുവില്‍ തലയ്ക്ക് ചുറ്റും പ്രകാശവലയവുമായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക എന്നതില്‍ അമ്പുകള്‍ കുറെയേറെയുണ്ട്.


ജ്ഞാനസ്നാനം


ജ്ഞാനസ്നാനം ഒരു തരം കുളിയാണ് എന്നും അത് ചെയ്യാത്തവര്‍ക്ക് സ്വര്‍ഗ്ഗത്തിലേയ്ക്ക് പ്രവേശനമില്ലെന്നുമുള്ള ക്രിസ്തുമത സ്ഥാപിത വിശ്വാസത്തെ സക്കറിയ കടന്നാക്രമിക്കുന്നു. ബുദ്ധനും ഗാന്ധിയും കന്യാമറിയവും നരകത്തില്‍ കിടന്നുരുകുമ്പോള്‍ മേല്‍പ്പറഞ്ഞ പുണ്യവാളന്‍മാരായ വിശുദ്ധ പിതാക്കന്‍മാര്‍ സ്വര്‍ഗ്ഗമാഘോഷിക്കുന്നതിന്‍റെ വൈരുദ്ധ്യം നമ്മെ പിടിച്ചുലയ്ക്കും.


മേല്‍വിലാസം


ജോസഫ് നല്ലവന്‍റെ കുറ്റസമ്മതം എന്നതിലെ ‘നല്ലവന്‍’ എന്നത് സറ്റയര്‍ ആണ്. കുടുംബമഹിമ കൊണ്ടാണോ? ഇടവകപ്പേരുകൊണ്ടാണോ ഒരാളുടെ മേല്‍വിലാസവും വ്യക്തിത്വവും വികസ്വരമാകേണ്ടത്? എന്ന് ചോദിക്കുന്ന മത ചട്ടക്കൂടിന്‍റെ നിരന്തരമായ ശ്രമങ്ങളെ സക്കറിയ പരസ്യമായി വെല്ലുവിളിക്കുന്നു.

“നല്ലവന്‍ എന്നത് കുടുംബപ്പേര് മാത്രമാണ്” എന്ന് കഥാപാത്രത്തെക്കൊണ്ട് പറയിപ്പിക്കുന്നതിന്‍റെ അര്‍ത്ഥം മറ്റൊന്നുമല്ല. “ജോസഫ് എന്ന നല്ല പേരും ഞങ്ങള്‍ നസ്രാണികളുടെ ആദ്ധ്യാത്മിക ജീവിതത്തിന്‍റെ പ്രധാനപ്പെട്ട ഒന്നാണല്ലോ?” എന്നും ചോദിക്കുന്നുണ്ട്.


തലയോട്


വിശുദ്ധിയില്‍ അശുദ്ധികളെന്തൊക്കെയോ ഉണ്ടെന്ന് അദ്ദേഹം തുടര്‍ച്ചയായി പറയുന്നുണ്ട്. തലയോടുമായി ക്രിസ്ത്യാനികള്‍ക്ക് ആത്മീയമായി വളരെയടുത്ത ബന്ധമുണ്ട് എന്ന് പറയുന്നിടത്ത് സക്കറിയ ചരിത്രത്തിന്‍റെ ഒരു പോസ്റ്റുമാര്‍ട്ടം നടത്തുകയാണ്. ഇവിടെ പൌരോഹിത്യത്തെ മനസ്സാക്ഷിയുടെ കോടതിയിലേക്ക് സക്കറിയ വിളിക്കുകയാണ്. ഈ ഭാഗം ഓര്‍മ്മകളിലേക്ക് നയിക്കുന്ന ഒന്നാണ്. അനേകമനേകം കുരിശുമരണങ്ങളും കുരിശുയുദ്ധങ്ങളുമാണ് ഇപ്പോള്‍ മുന്നില്‍ തെളിയുന്നത്.

“കുരിശുയുദ്ധങ്ങളില്‍ ഞങ്ങളുടെ കഠാരകളിലും വാള്‍മുനകളിലുയര്‍ത്തിയ ശത്രുത്തലകളുമായി എത്രതവണ പുണ്യനഗരം പിടിച്ചടക്കിയിരിക്കുന്നു” എന്ന് പറയുന്നിടത്ത് ക്രിസ്തുനന്‍മകളാണോ അതോ ആയുധങ്ങളാണോ നഗരം പിടിച്ചടക്കിയത് എന്ന ചോദ്യം നമുക്കു മുന്നിലേക്ക് വരുന്നുണ്ട്.

സ്വയം വിമര്‍ശനം


ഒരിടത്തും സക്കറിയ ‘അവര്‍’, ‘നിങ്ങള്‍’ എന്നൊന്നും വിമര്‍ശനങ്ങളില്‍ പറയുന്നില്ല. സ്വയം ആക്ഷേപിക്കാനും വിമര്‍ശിക്കപ്പെടുവാനുമുള്ള സന്നദ്ധത കഥയിലുടനീളം അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. “നിന്നെപ്പോലെത്തന്നെ നിന്‍റെ അയല്‍ക്കാരെനെയും സ്നേഹിക്കുക” എന്നൊക്കെത്തുടങ്ങുന്ന സ്നേഹത്തിന്‍റെയും അഹിംസയുടേതുമായ ബൈബിള്‍ പൌരോഹിത്യത്തിന്‍റെ അറിവോടെ ഉല്ലംഘിക്കപ്പെട്ട് തെറ്റായ ക്രിയാംശങ്ങള്‍ തേടിപ്പോകുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ സക്കറിയക്ക് കഴിയുന്നില്ല. ‘ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക്’ എന്ന് പറയുന്നത് സ്വയം വിമര്‍ശനയോഗ്യതയും പാരായണക്ഷമതയും വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് നിസ്സംശയം പറയാം.


ചുമതലകള്‍


“ഒരു ക്രിസ്ത്യാനിയായ എന്‍റെ ചുമതല എന്താണ്?” എന്ന് കഥാപാത്രം ആത്മഗതം നടത്തുന്നുണ്ട്. പ്രവൃത്തിയുടെയും ആത്മഗതത്തിന്‍റെയും വിരുദ്ധ ധ്രുവങ്ങളെയാണ് ജോസഫില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്.

ഇരിക്കുന്ന കൊടുമുടിയില്‍ നിന്ന് സ്വയം താഴേക്കിറങ്ങിച്ചെല്ലേണ്ടവനാണ് ക്രിസ്ത്യാനിയെന്നും ജെറീക്കോയിലേക്കുള്ള ഇരുണ്ട പാതയില്‍ വീണുപോയ മനുഷ്യനെ താങ്ങിയെണീപ്പിക്കുന്ന ശമരിയാക്കാരന്‍റെ ചിത്രം വേദപാഠപുസ്തകത്തിലെ ഒരു പടമായി മാത്രം അവശേഷിക്കേണ്ടതല്ല എന്നും വിളിച്ചുപറയുകയാണ് സക്കറിയ ഇവിടെ.

‘താളുകീറിയ വേദപാഠപുസ്തകം’ എന്ന ബിംബം ഒരു സാകല്യതയിലാണ് അനുഭവപ്പെടുന്നത്. ആ സുതാര്യതയിലേക്കെത്താന്‍ ഒരു കൂട്ടിവായന അത്യാവശ്യമാണ്.

‘പാപത്തിന്‍റെ കൂലി മരണമാകുന്നു’ എന്നും പാപിക്ക് സ്വര്‍ഗ്ഗമില്ല എന്നുമുള്ള ബൈബിള്‍ വാചകങ്ങള്‍ പാലിക്കപ്പെടുകയാണെങ്കില്‍ ആരൊക്കെയാണ് സ്വര്‍ഗ്ഗത്തിലേക്കെത്തുകയെന്നുള്ള ന്യായമായ സംശയം അദ്ദേഹം ഉന്നയിക്കുന്നുണ്ട്. “കര്‍ത്താവേ നീ പാപങ്ങളെയെല്ലാം ഓര്‍ത്തിരിക്കുകയാണെങ്കില്‍ ആര്‍ക്ക് രക്ഷയുണ്ടാകും?”



കുരിശുമലമുകളില്‍


“ക്രിസ്തുവിന്‍റെ മലമുകളിലോ പിശാച്? അവന്‍റെ കുരിശിന്‍റെ വഴിയിലോ ചെകുത്താന്‍ നമ്മെ കണ്ണു കെട്ടുന്നത്?” എന്ന പ്രാരംഭ്യവാക്യം തന്നെ വൈരുദ്ധ്യങ്ങളുടെ ക്രൈസ്തവ ലോകത്തിലേക്കുള്ള ക്ഷണക്കത്താണ്. അദ്ദേഹത്തിന്‍റെ മതപൌരോഹിത്യത്തോടുള്ള സമീപനം കേവലം ക്രിസ്തുമതവുമായി മാത്രം ബന്ധപ്പെട്ടതല്ല. ബഷീര്‍ മുസ്ലീം മതത്തിനകത്തു നിന്ന് പൊതു വിമര്‍ശനം സാദ്ധ്യമാക്കിയതുപോലെത്തന്നെയാണ് സക്കറിയ കഥ പറയുന്നത്.

വാഗ്ധോരണികളുടെയും കര്‍മ്മമേഖലകളുടെയും അന്യോന്യമുള്ള കലമ്പലും അജഗജാന്തരവും എന്തുകൊണ്ടെന്ന അന്വേഷണവും ആശങ്കയും അദ്ദേഹം നിരന്തരമായി നമ്മളുമായി പങ്കുവെക്കുന്നുണ്ട്.


കുരിശിന്‍റെ വിജയം


“തലയോടുകളുടെ തിളങ്ങുന്ന കൂമ്പാരം നോക്കൂ, ഈ സ്വര്‍ണ്ണത്തലയോടു നോക്കൂ; കുരിശിന്‍റെ വിജയം” എന്നു പറയുന്നിടത്ത് ഇതാണോ കുരിശിന്‍റെ വിജയം എന്നാണ് സക്കറിയ ചോദിക്കുന്നത്.


ക്രിസ്തു ഒരു സാധാരണ മനുഷ്യന്‍


യേശു ക്രിസ്തു ഒരു സാധാരണക്കാരനായ മനുഷ്യനായിരുന്നു എന്നും പില്‍ക്കാലത്താണ് വിശുദ്ധി ആരോപിക്കപ്പെട്ട് വലിയവനായതെന്നും സക്കറിയ ഉറച്ച് വിശ്വസിച്ചു. അതിന് തെളിവാണ് ‘കണ്ണാടി കാണ്‍മോളവും’

“ഇവിടെ പരാമര്‍ശിക്കപ്പെടുന്ന ചെറുസംഭവത്തില്‍ പ്രത്യക്ഷപ്പെടുന്ന യേശു” എന്ന് പറയുന്നതില്‍ നിന്ന് ആ സമീപനം വ്യക്തമാണ്. ഇത് സക്കറിയയുടെ കൂട്ടായ്മാ വിശ്വാസത്തിന്‍റെ തെളിവാണ്. ഒരു ബൃഹദ്കൂട്ടായ്മ പരിണമിച്ചും ആശയാദര്‍ശങ്ങള്‍ പരിണമിച്ചുമാണ് ക്രിസ്തുമതമുണ്ടായതെന്നും ഒരു യുവാവ് സജീവമായി ജീവിച്ച മൂന്ന് കൊല്ലക്കാലം കൊണ്ടുണ്ടായതല്ല ക്രിസ്തുമതമെന്നുമാണ് സക്കറിയ വാദിക്കുന്നത്.

തീര്‍ത്തും യുക്തിഭദ്രമായാണ് ക്രിസ്തുവിന്‍റെ ജീവിത കാലത്തെ അദ്ദേഹം നോക്കിക്കാണുന്നത്. ഗലീലയില്‍ 13 വയസ്സുവരെ ജീവിച്ചു. തുടര്‍ന്ന് 17 വര്‍ഷക്കാലം സ്വന്തം നാട്ടില്‍ നിന്നു മാറി അലഞ്ഞുനടന്നു. പിന്നെ മടങ്ങിവന്നു. “ദൈവരാജ്യത്തിന്‍റെ അറിവുമായി ഈ മുറ്റത്തിരുന്നിട്ടെന്തു കാര്യം” എന്ന് കഥയില്‍ യേശു ആത്മഗതം നടത്തുന്നുണ്ട്. എന്നുവെച്ചാല്‍ വെറുതേ ഇരിക്കുകയായിരുന്നു എന്നര്‍ത്ഥം. ആ യുവാവ് പലപ്പോഴും തന്‍റെ നീണ്ട താടിയെക്കുറിച്ചും മുടിയെക്കുറിച്ചും ആലോചിച്ചുവെന്ന് പറയുന്നിടത്ത് സദാസമയവും ദൈവകാര്യങ്ങളില്‍ മുഴുകിയിരുന്നവനാണ് യേശുവെന്ന വാദം ഖണ്ഡിക്കപ്പെടുന്നുണ്ട്.

“ചെല്ല് ആ കണ്ണാടിയെടുത്ത് നീ മുഖമൊന്ന് കാണ്! നീ സുന്ദരനാണോ, നിനക്ക് ഗൌരവമുണ്ടോ, ദൈവത്തിന്‍റെ ഛായയുണ്ടോ, ദൈവരാജ്യത്തിന്‍റെ അടയാളമെങ്കിലും അവിടെ കാണാനുണ്ടോ?” അപകര്‍ഷതാബോധമനുഭവിക്കുന്ന ഒരു യുവാവിനോടാണ് കണ്ണാടി ഇത് ചോദിക്കുന്നത്.

ക്രിസ്തുമതം എന്ന ഒരു സ്ഥാപനത്തെയാണ് സക്കറിയ കടന്നാക്രമിക്കുന്നത് അല്ലാതെ ക്രിസ്തു സങ്കല്‍പത്തിന്‍റെ പരുശുദ്ധിയേ അല്ല. കപട സദാചാരത്തെയും നാട്ടു നടപ്പുകളെയും തെറ്റിദ്ധരിപ്പിക്കലുകളെയും മുതലെടുപ്പുകളെയും മതപൌരോഹിത്യത്തെയുമാണ് സക്കറിയ കടന്നാക്രമിച്ചതെന്ന് കാണാന്‍ കഴിയും. അതിനാലാണ് കണ്ണാടിയെക്കൊണ്ട് കഥാകൃത്ത് യേശുവിനെ ‘മണ്ടാ’ എന്ന് വിളിപ്പിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ